ആലപ്പുഴ: ആലപ്പുഴ കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. അഞ്ച് പേര് മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. . പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ 11 പേര് സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്ത് എടുത്തത്. കാര്‍ പൂര്‍ണമായും തകര്‍ന്നു.
ഒന്നാം വർഷ എംബിബിഎസ് വിദ്യാര്‍ത്ഥികളായ കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന് ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന് ശ്രീദീപ് വത്സന് (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന് ബി. ദേവാനന്ദന് (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന് മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്. അപകടത്തില്‍ ബസിൽ ഉണ്ടായിരുന്ന നാല് പേർക്കും പരിക്കേറ്റിയിട്ടുണ്ട്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
അമിത വേഗതയിൽ വാഹനങ്ങൾ കടന്നുവരാൻ സാധ്യതയില്ലാത്ത മേഖലയാണ് ഇതെന്നും, കനത്ത മഴയില്‍ കാഴ്ച മങ്ങിയതാകാം അപകട കാരണമെന്ന് സംശയിക്കുന്നതായി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.