കണ്ണൂർ : ഹരിത-ശുചിത്വ-സുന്ദര ജില്ലയാകാൻ കണ്ണൂരിൽ ആറ് മേഖലകളിൽ പ്രത്യേക കർമപദ്ധതി തയ്യാറായി. ഹരിതടൗണുകൾ, പൊതുസ്ഥലങ്ങൾ, വിദ്യാലയങ്ങൾ, സ്ഥാപനങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, കലാലയങ്ങൾ എന്നിങ്ങനെ വിവിധ ഘടകങ്ങളുടെ ഏകോപനത്തിലൂടെ സമ്പൂർണ ശുചിത്വ ജില്ല എന്ന ലക്ഷ്യം കൈവരിക്കാനാണ് പദ്ധതി. ജില്ലയിലെ 243 ടൗണുകളെയും ഹരിത ടൗണുകളാക്കി മാറ്റാൻ രണ്ട് ദിവസമായി കണ്ണൂരിൽ നടന്ന ശില്പശാലയിൽ കർമപരിപാടി തയ്യാറാക്കി.
57 ടൗണുകളാണ് ജില്ലയിൽ ഇതിനകം ഹരിതപദവിയിലേക്ക് എത്തിയത്. ബാക്കിയുള്ള 186 ടൗണുകളെ 2025 ജനവരി 26-നകം ഹരിത പദവിയിലേക്ക് എത്തിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. മാർക്കറ്റുകളായും പൊതുസ്ഥലങ്ങളായും കണ്ടെത്തിയ 463 എണ്ണത്തിൽ 22 എണ്ണമാണ് ഹരിതപദവി കരസ്ഥമാക്കിയത്.
ബാക്കിയുള്ള 441 മാർക്കറ്റുകളെയും പൊതുസ്ഥലങ്ങളെയും ഹരിതപദവിയിലേക്ക് ഡിസംബർ 31-നകം എത്തിക്കാനാണ് ശ്രമം. 39 വിനോദസഞ്ചാരകേന്ദ്രങ്ങളെയും 2025 ജനവരി 26-നകം ഹരിത ടൂറിസം കേന്ദ്രങ്ങളായി മാറ്റാനും ലക്ഷ്യമിടുന്നു.
കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് ഹരിതപദവി നല്കുന്നതിൽ വിപുലമായ ഇടപെടൽ നടത്താനും ശില്പശാലയിൽ തീരുമാനിച്ചു. ജില്ലയിലെ ഇരുപതിനായിരം കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ 4947 എണ്ണം ഇതിനകം ഹരിതപദവി നേടി.
കലാലയങ്ങളെ ഹരിതകലാലയങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങൾക്കും തുടക്കമിട്ടു. 95 കലാലയങ്ങളാണ് ജില്ലയിലുള്ളത്. ഇതിൽ 41 എണ്ണം ഹരിതകലാലയ പദവി നേടി. 54 എണ്ണം ഡിസംബർ 31-നകം ഹരിതപദവി നേടണം.
1629 വിദ്യാലയങ്ങളാണ് ജില്ലയിലുള്ളത്. ഇതിൽ 980 വിദ്യലയങ്ങൾക്ക് ഹരിതപദവി ലഭിച്ചു. ബാക്കിയുള്ള 649 വിദ്യാലയങ്ങൾ കൂടി ഡിസംബർ 31-നകം ഹരിത പദവിനേടുന്നതിനുള്ള പദ്ധതിപ്രവർത്തനങ്ങൾക്കും രൂപംനല്കി.
4659 സ്ഥാപനങ്ങൾ ജില്ലയിലുണ്ടെന്നാണ് കണ്ടെത്തൽ. ഇതിൽ 1391 എണ്ണത്തിന് ഇതിനകം ഹരിത സ്ഥാപന പദവി ലഭിച്ചു. ബാക്കിയുള്ളവയെ 2025 ജനവരി 26-നകം ലക്ഷ്യത്തിലെത്തിക്കും.
ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന രണ്ടാം ദിവസ ശില്പശാല തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ഡയറക്ടർ ബി.കെ. ബലരാജ് ഉദ്ഘാടനംചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ടി.ജെ. അരുൺ അധ്യക്ഷതവഹിച്ചു. ശില്പശാലയിൽ ശുചിത്വമിഷൻ സംസ്ഥാന പ്രതിനിധികളായ മെൽവിൻ ഡാനിയൽ, പൂജാ മേനോൻ, കെ.എസ്.ഡബ്ല്യു.എം.പി. എൻജിനീയർ ശ്യാമപ്രസാദ്, ഹരിതകേരളം ജില്ലാ മിഷൻ ജില്ലാ കോഡിനേറ്റർ ഇ.കെ. സോമശേഖരൻ, ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ കെ.എം. സുനിൽ കുമാർ എന്നിവർ നേതൃത്വംനല്കി.