പാപ്പിനിശ്ശേരി : കഞ്ചാവുമായി മാട്ടൂൽ സ്വദേശി പടപ്പയിൽ ഹൗസിൽ ഷഫാറി (32)നെ പാപ്പിനിശ്ശേരി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പ്രതിയിൽനിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന 22 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ പി.സന്തോഷ്കുമാറും സംഘവും ഉത്തരമേഖല കമ്മിഷണർ സ്ക്വാഡിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയത്. ഹൈബ്രിഡ് കഞ്ചാവ് ഇനത്തിൽപ്പെട്ട ‘തായി ഗോൾഡ് ‘എന്ന് വിളിപ്പേരുള്ള ഇനം കഞ്ചാവ് തായ്ലാൻഡിൽനിന്ന് കടത്തിക്കൊണ്ട് വരുന്നവയാണ്.
മടക്കര, മാട്ടൂൽ, ഇരിണാവ്, പുതിയങ്ങാടി എന്നീ പ്രദേശങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും ഇടയിൽ മയക്കുമരുന്നെത്തിച്ച് നൽകുന്ന പ്രധാന കണ്ണിയാണ് പ്രതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.എം.കെ.സജിത്ത് കുമാർ, പ്രിവൻറീവ് ഓഫിസർ ഗ്രേഡ് എം.കെ.ജനാർദനൻ, പി.പി.രജിരാഗ്, സിവിൽ എക്സൈസ് ഓഫീസർ എം.കെ.വിവേക്, വനിത സിവിൽ എക്സൈസ് ഓഫീസർ കെ.വി.ഷൈമ എന്നിവരുണ്ടായിരുന്നു.