കണ്ണൂർ: പോളിങ് ദിനത്തിൽ ഇടതുമുന്നണിയെ വെട്ടിലാക്കിയ ആത്മകഥാ വിവാദത്തോട് പ്രതികരിച്ച് മുൻ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ആത്മകഥയിലേതായി ബുധനാഴ്ച പുറത്തുവന്ന വിവരങ്ങള്‍ അദ്ദേഹം പൂർണമായും തള്ളി. ‘ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്. പൂര്‍ത്തിയായിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കാനോ പ്രിന്റ് ചെയ്യാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല’ – ഇ.പി വ്യക്തമാക്കി.
‘ബുധനാഴ്ച പുറത്തുവന്നിട്ടുള്ള ഒരു കാര്യവും ഞാൻ എഴുതിയതല്ല. എഴുതാത്ത കാര്യങ്ങളാണ് ഇന്ന് വാർത്തയായി കാണുന്നത്. തിരഞ്ഞെടുപ്പ് ദിവസം പാർട്ടിക്കെതിരായി വാർത്ത സൃഷ്ടിക്കുന്നതിന് വേണ്ടി ബോധപൂർവം ചെയ്തതാണ് ഇത്. എന്റെ പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍ കാര്യം മനസ്സിലാകും.
കട്ടന്‍ചായയും പരിപ്പുവടയും എന്നാണ് തലക്കെട്ടെന്ന് പറയുന്നു. ഞാന്‍ ആത്മകഥയ്ക്ക് അങ്ങനെയൊരു പേരിടുമോ എന്നും ഇ.ടി ചോദിച്ചു.
മാതൃഭൂമിയും ഡി.സി ബുക്സും പുസ്തകം പ്രസിദ്ധീകരിക്കാന്‍ ചോദിച്ചിരുന്നു. ആലോചിച്ചിട്ട് പറയാം എന്നാണ് ഇവരോട് പറഞ്ഞത്. രാവിലെ പുറത്തുവന്ന കവർ ഞാൻ ഇന്ന് ആദ്യമായി കാണുകയാണ്. പുസ്തകം എഴുതി പൂർത്തീകരിച്ചിട്ടില്ല. സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള പരാമര്‍ശം ബോധപൂര്‍വം സൃഷ്ടിച്ചതാണ്.
‘ഡി.സി ബുക്സിന്റെ സൈറ്റിൽ പുസ്തകത്തെപ്പറ്റിയുള്ള കാര്യം എങ്ങിനെ വന്നു എന്ന് അറിയില്ല. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഡി.സി.യുമായി ഒരു കരാറുമില്ല. ആരാണ് ഇവരെ ചുമതലപ്പെടുത്തിയത്. ഇവര്‍ക്ക് എങ്ങിനെ കോപ്പി ലഭിച്ചു. ഡി.സി. എങ്ങിനെയാണ് കൊടുത്തത് എന്ന് അറിയില്ല. ഞാൻ അവരുമായി ബന്ധപ്പെട്ടപ്പോൾ അന്വേഷിച്ചിട്ട് പറയാമെന്നാണ് പറഞ്ഞത്. കൃത്യമായ മറുപടി അവർ തന്നില്ല’, ഇ.പി. ജയരാജൻ പറഞ്ഞു.
പാർട്ടി മനസിലാക്കിയില്ല, എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിൽ പ്രയാസം; ഇ.പി. ജയരാജന്റെ ആത്മകഥയിലെ ഭാഗങ്ങൾ പുറത്ത്
കണ്ണൂർ: ഉപതെരഞ്ഞെടുപ്പ് പോളിങ് ദിനത്തിൽ രാഷ്ട്രീയ ബോംബായി ഇ.പി. ജയരാജന്റെ ആത്മകഥയിലെ ഉള്ളടക്കം പുറത്ത്. എൽ.ഡി.എഫ് സ്ഥാനത്ത് നിന്ന് മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാർട്ടി തന്നെ മനസിലാക്കിയില്ലെന്നും ഇ.പി. ജയരാജൻ എഴുതിയ ആത്മകഥയിലെ ഭാഗങ്ങളാണ് പുറത്തുവന്നത്. ഇ.പിയുടെ ’കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ജീവിതം’ എന്ന ആത്മകഥയിലെ ഭാഗങ്ങളാണ് പുറത്തായത്.
രണ്ടാം പിണറായി സർക്കാർ വളരെ ദുർബലമാണെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. ഇ.എം.എസ് നമ്പൂതിരിപ്പാടിനൊപ്പമുള്ള ഇ.പി. ജയരാജന്റെ കവർ ചിത്രമുള്ള പുസ്തകമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാഷ്ട്രീയ ജീവിതവും വിവാദങ്ങളും ഉൾപ്പെടുത്തി ആത്മകഥയെഴുതാൻ തീരുമാനിച്ചതായി ഇ.പി. നേരത്തേ പറഞ്ഞിരുന്നു.
പ്രകാശ് ജാവ്ദേകറുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയതിൽ ഗൂഢാലോചനയുണ്ടെന്നും ആത്മകഥയിൽ സൂചിപ്പിക്കുന്നുണ്ട്. താൻ മാത്രമല്ല, പ്രകാശ് ജാവദേകറുമായി കൂടിക്കാഴ്ച നടത്തിയത്. യു.ഡി.എഫിലെ പല മുതിർന്ന നേതാക്കളും ജാവദേകറെ കണ്ടിട്ടുണ്ട്. തന്റെ നിലപാട് കേന്ദ്രകമ്മിറ്റിയിൽ വിശദീകരിച്ചിരുന്നു. വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നു അത്. ഒന്നരവർഷത്തിന് ശേഷമാണ് കൂടിക്കാഴ്ച വിവാദമാക്കിയത്. പൊതുസ്ഥലത്ത് വെച്ച് ഒറ്റത്തവണ മാത്രമാണ് ശോഭ സുരേന്ദ്രനെ കണ്ടതെന്നും പുസ്തകത്തിൽ പറയുന്നു.
പാലക്കാട് ഇടതു സ്വതന്ത്രനായി മത്സരിക്കുന്ന പി. സരിൻ അവസരവാദിയാണെന്നാണ് പുസ്തകത്തിൽ പേരെടുത്ത് വിമർശിക്കുന്നത്. സ്വതന്ത്രർ വയ്യാവേലിയാകുമെന്ന് ഓർക്കണമെന്നും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം പാളിയെന്നും പുസ്തകത്തിൽ പരാമർശമുണ്ട്. ദേശാഭിമാനിക്കായി പരസ്യവും ബോണ്ടും വാങ്ങിയത് പാർട്ടിയുമായി ആലോചിച്ചാണെന്നും എന്നാൽ വി.എസ് അച്യുതാനന്ദൻ അത് തനിക്കെതിരെ ആയുധമാക്കിയെന്നും സൂചിപ്പിക്കുന്നുണ്ട്.