കൊളച്ചേരി : കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് (പി ടി എച്ച്) തളിപ്പറമ്പ് കാരക്കുണ്ടിൽ ആരംഭിക്കുന്ന ഐ പി സെന്ററിന്റെ പ്രഖ്യാപനവും സെൻറർ സ്ഥാപിക്കുന്നതിന് വേണ്ടി യു എ ഇ യിലെ വ്യവസായ പ്രമുഖനും തളിപ്പറമ്പിലെ പ്രശസ്ത കലാലയമായ എം എം നോളേജ് ആർട്സ് ആൻഡ് സയൻസ് കോളേജിൻ്റെ ചെയർമാനുമായ മുള്ളിക്കോട്ട് മുസ്തഫ ഹാജി സംഭാവന ചെയ്ത 50 സെൻറ് സ്ഥലത്തിൻ്റെ രേഖ ഏറ്റുവാങ്ങൽ ചടങ്ങും ഒക്ടോബർ 14ന് തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടക്കും. കൊളച്ചേരി മേഖല പി ടി എച്ച് രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ രേഖ ഏറ്റുവാങ്ങൽ കർമ്മം നിർവഹിക്കും. മുള്ളിക്കോട്ട് മുസ്തഫ ഹാജി മുഖ്യാതിഥിയാവും. കൊളച്ചേരി മേഖല പി ടി എച്ച് പ്രസിഡണ്ട് കോടിപ്പോയിൽ മുസ്തഫയുടെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി, ജനറൽ സെക്രട്ടറി കെ ടി സഹദുള്ള, കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, പി ടി എച്ച് കേരള ചീഫ് ഫംഗ്ഷണൽ ഓഫീസർ ഡോക്ടർ എം എ അമീറലി എന്നിവർ ആശംസകൾ നേരും. രണ്ട് വർഷം കൊണ്ട് കൊളച്ചേരി, കുറ്റ്യാട്ടൂർ, മയ്യിൽ പഞ്ചായത്തുകളിലെ ഒട്ടേറെ രോഗികൾക്ക് കാരുണ്യവും സഹായവും നൽകാൻ സാധിച്ച കൊളച്ചേരി മേഖല പി ടി എച്ച് പുതിയ സംരംഭമായ ഐപി സെൻറർ ആരംഭിക്കുന്നതിനുള്ള പ്രയാണത്തിലാണ്. ചുരുങ്ങിയ കാലത്തിനിടയിൽ തന്നെ വിവിധ ജാതി മതത്തിൽ പെട്ട മുന്നൂറിലധികം രോഗികളെ രജിസ്റ്റർ ചെയ്യുന്നതിനും അവരുടെ വീടുകളിൽ ചെന്ന് ആവശ്യമായ പരിചരണങ്ങൾ നൽകാനും സ്റ്റാഫ് നഴ്സും പരിശീലനം ലഭിച്ച നൂറോളം വളണ്ടിയർമാരും ഉൾപെട്ട മെഡിക്കൽ ടീമിൻ്റെ പ്രവർത്തനം കൊണ്ട് സാധിച്ചിട്ടുണ്ട്. പി ടി എച്ച് കണ്ണൂർ ജില്ലാ കോ- ഓർഡിനേറ്റർ അൻസാരി തില്ലങ്കേരി, മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളായ ഇബ്രാഹിംകുട്ടി തിരുവട്ടൂർ, കെ.പി താഹിർ , മഹ് മൂദ് അള്ളാംകുളം, പി കെ സുബൈർ, അഡ്വ : എം പി മുഹമ്മദലി, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ്, അഡ്വ : വി പി അബ്ദുൽ റഷീദ്, എം ദാമോദരൻ, തുടങ്ങി വിവിധ രാഷ്ട്രീയ, മത, സാമൂഹ്യ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും. പി ടി എച്ച് സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി സ്വാഗതവും ട്രഷറർ അഹ് മദ് തേർളായി നന്ദിയും നിർവ്വഹിക്കും
വാർത്താ സമ്മേളനത്തിൽ പി.ടി.എച്ച് കൊളച്ചേരി മേഖല പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിൽ , വൈസ് പ്രസിഡണ്ട് എം അബ്ദുൽ അസീസ് , സെക്രട്ടറിമാരായ ഹാഷിം കാട്ടാമ്പള്ളി , മൻസൂർ പാമ്പുരുത്തി , പ്രചാരണസമിതി ചെയർമാൻ കെ പി യൂസഫ് സംബന്ധിച്ചു